Kerala
കോട്ടയം: റംബുട്ടാന്, മാംഗോസ്റ്റിന്, ഡ്രാഗണ്‍ തുടങ്ങിയ പഴങ്ങളും ഫലങ്ങളും വന്യമൃഗങ്ങള്‍ തിന്നോ, ഒടിച്ചോ നശിപ്പിച്ചാല്‍ വനം, വന്യജീവി വകുപ്പില്‍നിന്ന് നഷ്ടപരിഹാരം ലഭിക്കില്ല. സംസ്ഥാനത്ത് പഴവര്‍ഗ കൃഷി വ്യാപക പ്രചാരം നേടിക്കൊണ്ടിരിക്കെയാണ് നഷ്ടപരിഹാരത്തിന് നിശ്ചയിച്ച കാര്‍ഷിക ലിസ്റ്റില്‍ ഇവയെ ഉള്‍പ്പെടുത്താത്തത്.
കുരങ്ങ്, മലയണ്ണാന്, കരടി, ആന തുടങ്ങിവ പഴങ്ങള്‍ തിന്നു നശിപ്പിച്ചാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. നിറയെ കായുള്ള തെങ്ങ് നശിപ്പിച്ചാല്‍ തേങ്ങ എണ്ണിയല്ല നഷ്ടം നിശ്ചയിക്കുക. ഒരു തേങ്ങയുള്ളതിനും ഇരുന്നൂറു തേങ്ങയുള്ളതിനും നഷ്ടപരിഹാരം 770 രൂപ. കായിയ്ക്കാത്തതിന് 385, തെങ്ങിന്‍തൈ 110 രൂപ. കുലച്ച വാഴ 110, കുലയ്ക്കാത്തത് 83. എല്ലാ വാഴയിനങ്ങള്‍ക്കും നഷ്ടപരിഹാരനിരക്ക് ഒന്നുതന്നെ.
ടാപ്പിംഗ് റബറിന് 330, തൈറബ്ബര് 220. കായിച്ച കശുമാവ് 165, കായില്ലാത്തത് 110. ഒരു ഹെക്ടറിലെ നെല്ല് നശിപ്പിച്ചാല്‍ സഹായം 11,000. കായിട്ട കവുങ്ങിന് 165, തൈക്ക് 110. കൊക്കോ, കാപ്പി 110 രൂപ. കുരുമുളക് ചെടി 83, ഇഞ്ചി (10 സെന്റ്) 165, മഞ്ഞള്‍ (10 സെന്റ്) 132, രണ്ടു മാസമായ കപ്പ 165, പച്ചക്കറി (10 സെന്റിന്) 220, കായുള്ള കവുങ്ങ് 440, തൈക്കവുങ്ങ് 165, ഗ്രാമ്പു 220, ഏലം (ഹെക്ടറിന്) 2750, വെറ്റില (സെന്റിന്) 330, എള്ള് (അരയേക്കര്‍) 1320, നിലക്കടല (ഹെക്ടറിന്) 2200, ധാന്യങ്ങള്‍ (ഹെക്ടറിന്) 1100, കിഴങ്ങിനങ്ങള്‍ (10 സെന്റിന്) 165, കരിമ്പ് (ഹെക്ടറിന്) 2750, പൈനാപ്പിള്‍ (10 സെന്റ്) 825, തീറ്റപ്പുല്ല് (10 സെന്റ്) 165, മള്‍ബറി (50 സെന്റ്) 825, പുകയില (10 സെന്റ്) 1650 എന്ന നിരക്കിലാണ് നഷ്ടപരിഹാരം.
തുക ലഭിക്കണമെങ്കില്‍ നഷ്ടം തെളിയിക്കുന്ന ഫോട്ടോകള്‍, കൈവശാവകാശ രേഖ, കരം ഒടുക്കിയ രസീത് തുടങ്ങി വിവിധ രേഖകള്‍ സമര്‍പ്പിക്കണം. പല ഘട്ടങ്ങളിലായാണ് നാശമെങ്കില്‍ ഓരോ ദിവസത്തെയും അപേക്ഷ പ്രത്യേകം നല്‍കണം. മലയണ്ണാന് കരിക്ക് അപ്പാടെ തുരന്ന് കുടിക്കുകയാണ് പതിവ്.
വിളവെത്തി എന്ന പ്രതീക്ഷയില്‍ കുല വെട്ടിയിടുമ്പോഴാണ് തേങ്ങയില്‍ കാമ്പില്ലെന്നറിയുക. തേങ്ങയ്ക്കും അടയ്ക്കയ്ക്കും മാത്രമായി നഷ്ടപരിഹാരം ലഭിക്കില്ല. കുരങ്ങും കരടിയും മറ്റും തേങ്ങ പിരിച്ച് സ്ഥലം വിടുകയാണ് പതിവ്.
സര്‍ക്കാരിന്റെ നഷ്ടപരിഹാരം തുച്ഛമാണെന്നു മാത്രമല്ല വാങ്ങിയെടുക്കാന്‍ കടമ്പകളേറെയുണ്ട്, കാലതാമസവും.
Kerala
തൃശൂർ: വാഹനാപകടത്തിൽ നട്ടെല്ലിനു ക്ഷതമേറ്റ യുവാവിനു 95 ലക്ഷം രൂപ നഷ്ടപരിഹാരം. വിയ്യൂർ പെട്രോൾപന്പിനു സമീപം കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ നട്ടെല്ലിനു ഗുരുതര പരിക്കേറ്റ സെബിൻ സണ്ണിക്കാണ് നാഷണൽ ഇൻഷുറൻസ് കന്പനി നഷ്ടപരിഹാരം നൽകിയത്.
ഇലക്ട്രോണിക്സിൽ ഡിപ്ലോമ നേടിയ ആളാണ് സെബിൻ. തൃശൂർ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സംഘടിപ്പിച്ച ലോക് അദാലത്തിലാണ് കേസ് ഒത്തുതീർപ്പായത്.
ജില്ലാ കോടതി അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി പി.പി. സൈതലവി ചെക്ക് കൈമാറി.
ഡിഎൽഎസ്എ സെക്രട്ടറി ഇൻചാർജ് ടി.കെ. മമതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എംഎസിടി ജഡ്ജി രവിചന്ദർ, ഇൻഷുറൻസ് കന്പനി ചീഫ് ബിസിനസ് ഓഫീസർ വിനീശൻ വിജയൻ, ഹബ് ഇൻ ചാർജ് സുനിത ആൻ തോമസ്, ഡെപ്യൂട്ടി മാനേജർ ടി.എസ്.സാബു, അഡ്വ. പി.ബി. ജയശ്രീ, ഹർജി ഭാഗം അഡ്വ. ടി.എസ്. ജോഷി, അഡ്വ. മറിയാമ്മ കെ. ഇട്ടൂപ്പ്, അഡ്വ. സീബ മാത്യൂസ് എന്നിവർ പങ്കെടുത്തു.
National
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് നൽകിയ 20 ലക്ഷം രൂപ ടിവികെയുടെ ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ചയച്ച് വീട്ടമ്മ. സാന്ത്വനവുമായി കരൂരിൽ നേരിട്ട് എത്താത്തതിൽ പ്രതിഷേധിച്ചാണ് നഷ്ടപരിഹാരത്തുക വീട്ടമ്മ തിരികെ നൽകിയത്.
കരൂരിൽ വിജയ്യുടെ റാലിക്കിടെ തിരക്കിൽപ്പെട്ട് മരിച്ച രമേശിന്റെ ഭാര്യ സംഗവിയാണ് പണം തിരികെ നൽകിയത്. വിജയ് നേരിട്ട് അനുശോചനമറിയിക്കാൻ വരാത്തതിനാലാണിതെന്നും പണത്തെക്കാൾ വലുതാണ് അദ്ദേഹം നേരിട്ട് സന്ദർശിച്ചുള്ള സാന്ത്വനമെന്നും സംഗവി പറഞ്ഞു. തിങ്കളാഴ്ച മഹാബലിപുരത്തുനടന്ന വിജയ്യുടെ കൂടിക്കാഴ്ചയ്ക്കുതന്നെ വിളിച്ചില്ലെന്നും സംഗവി അറിയിച്ചു.
സംഗവിയുടെ ഭർതൃസഹോദരി ഭൂപതിയും ബന്ധുക്കളും മഹാബലിപുരത്തേക്ക് വന്നിരുന്നു. വിജയ് നടത്തിയ കൂടിക്കാഴ്ചയിൽ കരൂർ ദുരന്തത്തിനിരയായവരുടെ 37 കുടുംബങ്ങളാണ് മഹാബലിപുരത്ത് എത്തിയിരുന്നത്. കരൂരിൽ നേരിട്ടുചെന്ന് കുടുംബങ്ങളെ കാണാത്തതിൽ വിജയ് വിശദീകരണം നൽകിയിരുന്നു.
മൂന്ന് മണിക്കൂറിൽ കൂടുതൽ പരിപാടി അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞെന്നും എല്ലാവരോടും വിശദമായി സംസാരിക്കാൻ വേണ്ടിയാണ് ചെന്നൈയിലേക്ക് വരാൻ പറഞ്ഞതെന്നുമായിരുന്നു വിജയ് വ്യക്തമാക്കിയത്. ദുരന്തത്തിനുശേഷം ആദ്യമായാണ് വിജയ് ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങളെ നേരിട്ടുകണ്ടത്. എല്ലാ കുടുംബങ്ങൾക്കും സാമ്പത്തിക സഹായവും കുട്ടികൾക്ക് വിദ്യാഭ്യാസ സഹായവും ഉറപ്പുനൽകി.